10:17am 02 November 2026
NEWS
ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തി സ്വർണക്കടത്ത് കേസ് പ്രതിയായ സിനിമാ നടി; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
02/11/2026  06:22 AM IST
nila
ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തി സ്വർണക്കടത്ത് കേസ് പ്രതിയായ സിനിമാ നടി; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന ലഭിച്ചതിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം. ഹാസനാംബ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ രന്യയ്ക്ക് വിഐപി സൗകര്യം ഒരുക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒക്ടോബർ 31നായിരുന്നു സംഭവം.

രന്യയുടെ രണ്ടാനച്ഛനും വിരമിച്ച ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻ ഡിജിപി എന്ന നിലയിൽ രാമചന്ദ്ര റാവുവിന് ലഭിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് രന്യ ക്ഷേത്രത്തിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കുടുംബത്തിന് പ്രത്യേക പരിഗണനയും വിഐപി ദർശനവും അനുവദിച്ചതോടെ സംഭവം ചർച്ചയായി.

സ്വർണക്കടത്ത് കേസിൽ പ്രതിയായ ഒരാൾക്ക് പൊലീസ് സംരക്ഷണത്തിൽ വിഐപി പരിഗണന നൽകിയത് എങ്ങനെയെന്ന ചോദ്യവുമായി ബിജെപിയും രംഗത്തെത്തി. കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ പരിഹാസമാണ് ബിജെപി എംഎൽസി സി.ടി. രവി ഉയർത്തിയത്. ''ഒരുപക്ഷേ സംസ്ഥാന സർക്കാരിന്റെ കണ്ണിൽ രന്യ റാവു ഒരു വിഐപിയായിരിക്കാം. കോൺഗ്രസ് സർക്കാർ അവരെ അങ്ങനെയായിരിക്കും കാണുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ വർഷം വൻ സ്വർണക്കടത്ത് കേസിലാണ് രന്യ റാവു അറസ്റ്റിലായത്. ശരീരത്തിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിച്ച് 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് സ്വർണം എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു രന്യയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു കിലോഗ്രാം സ്വർണം കടത്തുന്നതിന് നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ കമ്മിഷൻ ലഭിച്ചിരുന്നതായും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.

102 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലും നടിയുടെ പേരുണ്ട്. ഒരു വർഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനു പുറമെ കേസിൽ രന്യയ്ക്ക് 102 കോടി രൂപ പിഴയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ചുമത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img